കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജിന് സ്ഥിരനിർമാണം നടത്തുന്നതിൽ അനിശ്ചിതത്ത്വം തുടരുന്നതിനിടെ സർക്കാരിനും ആരോഗ്യ-കുടുംബക്ഷേമ മന്ത്രിക്കും ജില്ലാ കളക്ടർക്കുമെതിരേ ലോകായുക്തയിൽ കേസ്. മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ.വി. ഗോകുൽദാസാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ കേസ് ഫയൽ ചെയ്തത്.
ആക്ഷൻ കമ്മിറ്റി രക്ഷാധികാരിയുമായ അഡ്വ.വി.പി. എൽദോ, അഡ്വ.എ.കെ. അബ്ദുൾസലാം, അഡ്വ. നിഷ എൻ. ഭാസി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഗവ. മെഡിക്കൽ കോളജിന് സ്ഥിരനിർമാണം കൽപ്പറ്റയ്ക്കടുത്ത് മടക്കിമലയിൽ സൗജന്യമായി ലഭ്യമാക്കാൻ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സന്നദ്ധമായ ഭൂമിയിൽ നടത്തുന്നതിന് സർക്കാരിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം.
ഗവ.മെഡിക്കൽ കോളജിന് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് മടക്കിമലയിൽ 50 ഏക്കർ ഭൂമി സൗജന്യമായി വിട്ടുകൊടുത്തതാണ്. ഈ ഭൂമി ഏറ്റെടുത്ത സർക്കാർ റോഡ് നിർമാണം ഉൾപ്പെടെ നടത്തി.
എന്നാൽ പിന്നീട് ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മടക്കിമലയിലെ ഭൂമിയിൽ നിർമാണം വേണ്ടെന്നുവയ്ക്കുകയും മാനന്തവാടിക്കടുത്ത് ഭൂമി കണ്ടെത്താൻ ശ്രമം തുടങ്ങുകയുമായിരുന്നു. മടക്കിമല ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിന് പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു.
വസ്തു തിരികെ ലഭിക്കുന്നതിനു ഉത്തരവ് സന്പാദിച്ചു. എങ്കിലും ഭൂമി മെഡിക്കൽ കോളജിന് ഉപയോഗപ്പെടുത്തുന്നപക്ഷം വീണ്ടും സർക്കാരിന് വിട്ടുകൊടുക്കാൻ ട്രസ്റ്റ് ഒരുക്കമാണ്. മെഡിക്കൽ കോളജിന് ആവശ്യമായ കെട്ടിടങ്ങൾ പണിയുന്നതിന് യോജിച്ചതാണ് മടക്കിമലയിലെ ഭൂമി. ഇവിടെ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഗുണം ചെയ്യും. വേറെ ഭൂമി വിലയ്ക്കുവാങ്ങുന്പോഴുണ്ടാകുന്ന സാന്പത്തിക ബാധ്യത സർക്കാരിന് ഒഴിവാകും.
മെഡിക്കൽ കോളജ് മടക്കിമലയിൽ നിർമിക്കുന്നതിന് സർക്കാരിന് നിർദേശം നൽകണമെന്ന് അഭ്യർഥിച്ച് ആക്ഷൻ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ഹൈക്കോതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി മൂന്നു മാസത്തിനകം തീരുമാനം എടുത്ത് അറിയിക്കണമെന്ന് ജൂലൈ 14ന് സർക്കാരിനു നിർദേശം നൽകി.
എന്നാൽ സമയപരിധിക്കുള്ളിൽ പരാതിക്കാരെ കേൾക്കാനോ തീരുമാനമെടുക്കാനോ സർക്കാർ തയാറായില്ല. ഇതേത്തുടർന്ന് ആക്ഷൻ കമ്മിറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ വാദം കേൾക്കവേ സർക്കാർ രണ്ടാഴ്ചത്തെ സാവകാശം ചോദിക്കുകയും ഹൈക്കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.
അതിനിടെ, മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കുന്നതിന് സർക്കാരിൽ സമ്മർദം ശക്തമാക്കാനും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
രക്ഷാധികാരി അഡ്വ.വി.പി. എൽദോ ഉദ്ഘാടനം ചെയ്തു. എസ്ആർപിസി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. കെ. വി. ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. സെയ്തലവി, അഡ്വ.എസ്.എ. നസീർ, ജോണി പാറ്റാനി, ഡോ.പി. ലക്ഷ്മണൻ, കെ.എം. ഏലിയാസ്, ഇബ്രാഹിം കണിയാന്പറ്റ, അഡ്വ.ഷിമായി മൂലങ്കാവ്, ബിജു പൂളക്കര, യാഷിൻ മേപ്പാടി, എ. ദേവകി എന്നിവർ പ്രസംഗിച്ച